രാഹുല്‍ഗാന്ധി ഇന്ന് വയനാട്ടില്‍ ; തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും

വയനാട്: സംസ്ഥാനത്ത് രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് സ്വന്തം മണ്ഡലമായ വയനാട്ടില്‍ പ്രചാരണത്തിനെത്തും. രാവിലെ തിരുനെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുക. ബത്തേരി, തിരുവമ്ബാടി, വണ്ടൂര്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ രാഹുല്‍ഗാന്ധി പ്രസംഗിക്കും.

രാവിലെ ഒന്‍പത് മണിയോടെ തിരുനെല്ലി യുപി സ്‌കൂള്‍ പരിസരത്ത് ഹെലികോപ്ടര്‍ ഇറങ്ങുന്ന രാഹുല്‍ റോഡ് മാര്‍ഗം ക്ഷേത്രത്തിലെത്തും. പാപനാശിനിയില്‍ പിതൃകര്‍മം നടത്തിയ ശേഷമാകും ക്ഷേത്ര സന്ദര്‍ശനം.

രാഹുല്‍ എത്തുന്ന കാര്യം ഇന്നലെ വൈകിട്ടാണ് പൊലീസും കോണ്‍ഗ്രസ് നേതാക്കളും തിരുനെല്ലി ക്ഷേത്രം അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് ക്ഷേത്ര പരിസരത്തും പാപനാശിനി തീരത്തും പൊലീസ് പരിശോധന കര്‍ശനമാക്കി. മാവോയിസ്റ്റ് സാന്നിധ്യം നിലനില്‍ക്കുന്ന പ്രദേശമായതിനാല്‍ കാട്ടിക്കുളം മുതല്‍ തിരുനെല്ലി ക്ഷേത്രം വരെയുള്ള 20 കിലോമീറ്ററിലേറെ ഭാഗത്ത് തണ്ടര്‍ബോള്‍ട്ട് സംഘം പരിശോധന നടത്തുന്നുണ്ട്.

1991 ലാണ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാനായി രാഹുല്‍ തിരുനെല്ലിയിലെത്തിയത്. അന്ന് കെ കരുണാകരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ചിതാഭസ്മം പാപനാശിനിയില്‍ നിമഞ്ജനം ചെയ്തത്.

ക്ഷേത്രദര്‍ശനത്തിന് ശേഷം യുഡിഎഫ് നേതാക്കളുമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ രാഹുല്‍ അവലോകനം ചെയ്യും. ഇതിന് ശേഷമാകും ബത്തേരി, തിരുവമ്ബാടി, വണ്ടൂര്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുക ളില്‍ പങ്കെടുക്കുക. വയനാട്ടില്‍ റോഡ് ഷോ നടത്താനും സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ക്ക് ശേഷം രാഹുല്‍ ഗാന്ധി കോയമ്ബത്തൂരിലേക്ക് മടങ്ങും.

Be the first to comment

Leave a Reply

Your email address will not be published.


*


16 − three =