തെരഞ്ഞെടുപ്പ് ബോണ്ടിലൂടെ ലഭിച്ച സംഭാവനകളുടെ വിശദവിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അറിയിക്കണം; സുപ്രീംകോടതി

തെരഞ്ഞെടുപ്പ് ബോണ്ടിലൂടെ ലഭിച്ച സംഭാവനകളുടെ വിശദവിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അറിയിക്കണമെന്ന് സുപ്രീംകോടതി. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിലാണ് തെരഞ്ഞെടുപ്പിനിടെ സംഭാവന നല്‍കുന്നവരുടെ പേരും വിവരങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കണമെന്ന നിര്‍ദേശം പുറപ്പെടുവിച്ചത്.

മെയ് 15 വരെ തെരഞ്ഞെടുപ്പ് ബോണ്ടിലൂടെ ലഭിച്ച സംഭാവനകള്‍ നല്‍കിയവരുടെ വിവരങ്ങള്‍, തുക തുടങ്ങിയ കാര്യങ്ങള്‍ മെയ് 30-നകം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. മെയ് 30-ന് ശേഷം ഹര്‍ജിയില്‍ കോടതി വീണ്ടും വാദംകേള്‍ക്കും. നിയമം മാറ്റിയതുകൊണ്ട് ഏതെങ്കിലും പാര്‍ട്ടിക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ടോ എന്നതടക്കം അന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.

2018 ജനുവരി രണ്ടിനാണ് തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തത്. ഇന്ത്യന്‍ പൗരര്‍ക്കോ സ്ഥാപനങ്ങള്‍ക്കോ അംഗീകൃത ബാങ്കില്‍നിന്ന് തെരഞ്ഞെടുപ്പ് ബോണ്ട് വാങ്ങി രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു നല്‍കാം. അവര്‍ക്കത് 15 ദിവസത്തിനകം പണമാക്കി മാറ്റാം. സംഭാവന നല്‍കുന്നവരുടെ വിവരം ബാങ്കിനുമാത്രമേ അറിയാന്‍ സാധിക്കൂ. ഇതില്‍ സുതാര്യതക്കുറവുണ്ടെന്നുകാട്ടി അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ഉള്‍പ്പെടെയുള്ളവരാണ് സുപ്രീംകോടതിയിലെത്തിയത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നതിനായി തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി കൊണ്ടുവന്നത് നയപരമായ തീരുമാനമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ കള്ളപ്പണത്തിന്റെ ഉപയോഗം തടയുന്നതിനാണ് ബോണ്ട് സംവിധാനം കൊണ്ടുവന്നതെന്നും ഇവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചിരുന്നു. ബാങ്ക് വഴിയാണ് ഇത്തരത്തില്‍ സംഭാവനകള്‍ നല്‍കുന്നത് എന്നത് കൊണ്ട് കള്ളപ്പണം തടയാനാകുമെന്നാണ് കേന്ദ്രത്തിന്റെ വാദം.

എന്നാല്‍ ബോണ്ട് പദ്ധതി ഇടക്കാലത്തേക്ക് സ്റ്റേ ചെയ്യുകയോ സംഭാവന നല്‍കുന്നവരുടെ പേരുകള്‍ പരസ്യമാക്കുകയോ വേണമെന്നാണ് ഹര്‍ജിക്കാരായ സംഘടനയുടെ ആവശ്യം. എന്നാല്‍ രണ്ടു കൂട്ടരുടേയും വാദങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാതെയാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഉണ്ടായിരിക്കുന്നത്.

ബോണ്ട് വിഷയത്തില്‍ കേന്ദ്രത്തിനും തെരഞ്ഞെടുപ്പു കമ്മിഷനും ഭിന്നാഭിപ്രായമാണുള്ളത്. സംഭാവന നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമാക്കിവെക്കണമെന്ന കേന്ദ്രനിലപാടിനെ തെരഞ്ഞെടുപ്പു കമ്മിഷന്‍ എതിര്‍ത്തു. തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ കൊണ്ടുവരുന്നത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ സുതാര്യമാക്കാനാണെന്നാണ് കേന്ദ്രവാദം. രാഷ്ട്രീയരംഗത്തേക്ക് കള്ളപ്പണം കൊണ്ടുവരുന്നത് തടയാന്‍ ബോണ്ടുകള്‍ക്കു കഴിയും. അംഗീകൃത ബാങ്കായ എസ്.ബി.ഐ.യില്‍ നിന്നുമാത്രമേ ബോണ്ടുകള്‍ വാങ്ങാന്‍ സാധിക്കൂവെന്നും ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

അതേസമയം സംഭാവന നല്‍കുന്നതിലെ സുതാര്യത ഇല്ലാതാക്കുന്നതാണ് ബോണ്ട് പദ്ധതിയെന്നാണ് തെരഞ്ഞെടുപ്പു കമ്മിഷന്റെ വാദം. വ്യാജ കമ്ബനികള്‍ വഴി പാര്‍ട്ടികള്‍ക്ക് കള്ളപ്പണമെത്താന്‍ സാധ്യതയുണ്ടെന്നും കമ്മിഷന്‍ വാദിച്ചു. പേരുകള്‍ വെളിപ്പെടുത്താത്തതുവഴി ഫണ്ട് നല്‍കുന്ന വിദേശസ്ഥാപനങ്ങള്‍ക്ക് ഇന്ത്യന്‍രാഷ്ട്രീയത്തെ നിയന്ത്രിക്കാന്‍ സാധിച്ചേക്കുമെന്നാണ് തെരഞ്ഞെടുപ്പു കമ്മിഷന്റെ ആശങ്ക. സംഭാവന നല്‍കുന്നയാളിന്റെ പേര് രഹസ്യമാക്കിവെക്കുന്നത് അവര്‍ രാഷ്ട്രീയവിരോധത്തിന്റെ ഇരകളാവാതിരിക്കാനാണെന്നാണ് കേന്ദ്രത്തിന്റെ ന്യായീകരണം.

കമ്ബനികളുടെ കഴിഞ്ഞ മൂന്ന് സാമ്ബത്തികവര്‍ഷത്തെ അറ്റ ശരാശരി ലാഭത്തിന്റെ 7.5 ശതമാനം വരെ മാത്രമേ സംഭാവന നല്‍കാവൂ എന്ന നിബന്ധന ഭേദഗതി ചെയ്തിരുന്നു. ഇതോടെ പുതിയ സ്ഥാപനങ്ങള്‍ക്കുപോലും ബോണ്ട് വഴി സംഭാവന നല്‍കാനാകുമെന്നും വ്യാജകമ്ബനികള്‍ സ്ഥാപിച്ച്‌ സംഭാവനകള്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നും തെരഞ്ഞെടുപ്പുകമ്മിഷന്‍ ചൂണ്ടിക്കാട്ടി. കമ്ബനികളുടെ ലാഭനഷ്ടക്കണക്കില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ പ്രത്യേകം കാണിക്കേണ്ടതില്ലെന്ന നിയമഭേദഗതിയും കമ്മിഷന്‍ ചോദ്യംചെയ്തിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*


15 − twelve =