എംകെ രാഘവന്‍ പണം വാങ്ങിയെങ്കില്‍ അത് ബ്രോക്കറേജ് അല്ലേ; എങ്ങനെ അഴിമതിയാകുമെന്ന് പികെ ഫിറോസ്

കോഴിക്കോട്: ടിവി 9 പുറത്തുവിട്ട ഒളിക്യാമറ ഓപ്പറേഷനില്‍ ലോക്‌സഭാ തെരഞ്ഞടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവനെ ന്യായീകരിച്ച്‌ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്.ഏതോ ഒരാളുടെ സ്വകാര്യ ഭൂമി മറ്റൊരാള്‍ക്ക് നാട്ടുനടപ്പ് വിലയില്‍ വില്‍ക്കുന്നതിന് എം.കെ രാഘവന്‍ ഇടപെട്ട് കമ്മീഷന്‍ വാങ്ങിയിരുന്നു എന്ന് തന്നെ വെക്കുക. അതിനെ ബ്രോക്കറേജ് എന്നല്ലേ പറയുക. ബ്രോക്കറേജ് വാങ്ങുന്നത് നമ്മുടെ നാട്ടില്‍ നിയമം മൂലം നിരോധിച്ചിട്ടുണ്ടോയെന്നും ഫിറോസ് ചോദിക്കുന്നു.

ഇനി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കുകളുടെ കാര്യമാണെങ്കില്‍ തെരഞ്ഞെടുപ്പ് സമയത്തോ നിയമം നിഷ്‌കര്‍ഷിക്കുന്ന സമയ പരിധിക്കുള്ളിലോ എതിര്‍ സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ ആരും തന്നെ പരാതിയുമായി രംഗത്തുവന്നിട്ടില്ല.അതുകൊണ്ട് അങ്ങനെയും അദ്ദേഹത്തെ നിയമത്തിന് മുന്നില്‍ കുടുക്കാന്‍ കഴിയില്ല. ഇനി വാദത്തിനു വേണ്ടി, എം.കെ രാഘവന്‍ TV 9 ചാനലിനോട് പറഞ്ഞു എന്നത് സത്യമാണെങ്കില്‍ പോലും ഒരു നിയമപ്രശ്‌നവും നിലനില്‍ക്കില്ലെന്നും ഫിറോസ് പറയുന്നു.

പികെ ഫിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ശ്രീ. എം.കെ രാഘവന്‍ എം.പിക്കെതിരെ TV 9 പുറത്ത് വിട്ട ആരോപണത്തിലെ വസ്തുതയെന്ത്?

ആരോപണം 1)
കോഴിക്കോട് ഹോട്ടലിന് വേണ്ടി സ്ഥലം വാങ്ങിക്കൊടുത്താല്‍ കമ്മീഷനായി 5 കോടി കൊടുക്കാമെന്ന് പറഞ്ഞപ്പോള്‍ സ്വീകരിക്കാന്‍ സന്നദ്ധത അറിയിച്ചു.

ഭൂമി ഇടപാട് നടന്നിട്ടുണ്ടോ? ഇല്ല
രാഘവന് പണം കൊടുത്തിട്ടുണ്ടോ? ഇല്ല
രാഘവന്‍ പണം വാങ്ങിയിട്ടുണ്ടോ? ഇല്ല

ഇനി രാഷ്ട്രീയ എതിരാളികള്‍ പറയുന്ന ആരോപണമെന്താണ്?

രാഘവന്‍ കോഴ വാങ്ങി. അഴിമതി നടത്തി.

ഉവ്വോ?

ഏതോ ഒരാളുടെ സ്വകാര്യ ഭൂമി മറ്റൊരാള്‍ക്ക് നാട്ടുനടപ്പ് വിലയില്‍ വില്‍ക്കുന്നതിന് എം.കെ രാഘവന്‍ ഇടപെട്ട് കമ്മീഷന്‍ വാങ്ങിയിരുന്നു എന്ന് തന്നെ വെക്കുക. അതിനെ ബ്രോക്കറേജ്
എന്നല്ലേ പറയുക?
ബ്രോക്കറേജ് വാങ്ങുന്നത് നമ്മുടെ നാട്ടില്‍ നിയമം മൂലം നിരോധിച്ചിട്ടുണ്ടോ?
ഉണ്ടെങ്കില്‍ ഇപ്പറയുന്ന എത്ര രാഷ്ട്രീയ നേതാക്കള്‍ ജയിലില്‍ കിടക്കേണ്ടി വരുമായിരുന്നു. ഭൂമിവില്പനയിലെ നിയമങ്ങളെ സംബന്ധിച്ച്‌ ‘റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി നിയമം’ എന്നൊക്കെ ഗൂഗിള്‍ ചെയ്താല്‍ അല്‍പ്പം വിവരം ലഭിക്കും.

അപ്പോ അത് വിട്ട് പിടി!!

ആരോപണം No. 2)
തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് ചെലവിനേക്കാളും ഉയര്‍ന്ന തുക ശ്രീ. എം.കെ രാഘവന്‍ ചെലവഴിച്ചതായി അദ്ദേഹം പറഞ്ഞു എന്നതാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഘവനെതിരെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച്‌ തോറ്റ ശ്രീ. എ. വിജയരാഘവന്‍ അന്ന് മത്സരിച്ചപ്പോഴോ അതിനു ശേഷമോ രാഘവനെതിരെ ഇത്തരമൊരു ആരോപണം ഉന്നയിച്ചിരുന്നോ? തെരഞ്ഞെടുപ്പ് ഫലത്തിന്റെ 40 ദിവസത്തിനകം ഒരു പരാതിയെങ്കിലും രാഷ്ട്രീയ എതിരാളികള്‍ ആരെങ്കിലും കൊടുത്തിരുന്നോ?

തെരഞ്ഞെടുപ്പ് കഴിഞ്ഞ് എതിര്‍ സ്ഥാനാര്‍ത്ഥിക്കോ എതിര്‍പാര്‍ട്ടിക്കോ പോലും ഇല്ലാതിരുന്ന പരാതിയാണ് ഇപ്പോള്‍ കിട്ടിയ എഡിറ്റ് ചെയ്ത ഒരു വീഡിയോയിലൂടെ ഈ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടാന്‍ നോക്കുന്നത്.

ഇനി വാദത്തിനു വേണ്ടി, എം.കെ രാഘവന്‍ TV 9 ചാനലിനോട് പറഞ്ഞു എന്നത് സത്യമാണെങ്കില്‍ പോലും ഒരു നിയമപ്രശ്‌നവും നില നില്‍ക്കില്ല. പിന്നെയാണോ ഈ എഡിറ്റ് ചെയ്തത്!!

ഇക്കാര്യത്തില്‍ എം.കെ രാഘവന്‍ സ്വീകരിച്ച സമീപനമെന്താണ്?

ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനും സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി. കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പി.
കേരളം ഭരിക്കുന്നത് ഇടതുപക്ഷം. അന്വേഷണം നടക്കട്ടെ… സത്യം പുറത്ത് വരട്ടെ..

അഴിമതി ആരോപണം വന്നാല്‍ അന്വേഷണം തന്നെ വേണ്ടെന്ന നിലപാട് സ്വീകരിക്കുന്ന ചില മന്ത്രിമാരെ പോലെയല്ല രാഘവേട്ടന്‍.

മടിയില്‍ കനമുള്ളവനെ ഭയക്കേണ്ടതുള്ളൂ…

Be the first to comment

Leave a Reply

Your email address will not be published.


*


one × three =