ഇടതിന് കുറച്ച്‌ വോട്ട് നഷ്ടമായാലും പത്തനംതിട്ടയില്‍ വീണ ജയിക്കും, ശബരിമല നിര്‍ണായകമാവില്ലെന്ന് വര്‍ഗീസ് ജോര്‍ജ്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ശരത് യാദവ്,​ എം.പി വീരേന്ദ്രകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദള്‍ (എല്‍.ജെ.ഡി), ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളില്‍ (ആര്‍.ജെ.ഡി) ലയിക്കും. ഇക്കാര്യം എല്‍.ജെ.ഡി ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ. വര്‍ഗീസ് ജോര്‍ജ് ‘ഫ്ളാഷി’നോട് സ്ഥിരീകരിച്ചു. കേരളത്തില്‍ ഇടതുമുന്നണിയുടെ ഭാഗമാണ് എല്‍.ജെ.ഡി.

ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ദേശീയ നേതാവ് ശരത് യാദവ് ബിഹാറില്‍ ആര്‍.ജെ.ഡി ചിഹ്നത്തിലാണ് മത്സരിക്കുന്നത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യുവില്‍ നിന്ന് പിളര്‍ന്ന് മാറിയപ്പോള്‍ രാജ്യസഭാ എം.പിയായിരുന്ന ശരത് യാദവ് കൂറുമാറ്റ നിരോധന നിയമക്കുരുക്കില്‍ പെട്ടിരുന്നു. ഇതിനെതിരെ അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. പാര്‍ലമെന്റ് തിര‌ഞ്ഞെടുപ്പില്‍ ശരത് യാദവ് വിജയിച്ചാല്‍ എല്‍.ജെ.ഡി ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയുടെ ഭാഗമായേക്കും.

ബി.ജെ.പി സഖ്യത്തില്‍ ചേരാന്‍ നിതീഷ് കുമാര്‍ തീരുമാനമെടുത്തതോടെ കഴിഞ്ഞ മെയ് 18നാണ് ശരത് യാദവും കേരള ഘടകവും ഉള്‍പ്പെടെ ജെ.ഡി.യു വിട്ടത്. തുടര്‍ന്നാണ് ലോക് താന്ത്രിക് ജനതാദളിന് രൂപം നല്‍കിയത്. കേരളത്തില്‍ വീരേന്ദ്ര കുമാര്‍ വിഭാഗം യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയുടെ ഭാഗമായി.

അതേസമയം സാങ്കേതികമായി ശരത് യാദവ് പാര്‍ട്ടി അംഗമല്ലെന്നും അതുകൊണ്ട് വേണമെങ്കില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സ്വതന്ത്രമായ പാര്‍ട്ടിയായും നിലനില്‍ക്കാന്‍ കഴിയുമെന്ന് പ്രൊഫ. വര്‍ഗീസ് ജോര്‍ജ് പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം വടക്കേ ഇന്ത്യയില്‍ പാര്‍ട്ടികള്‍ക്കിടയില്‍ പുനരേകീകരണം ഉണ്ടാകും. സമാജ് വാദി പാര്‍ട്ടി, ആര്‍‌.ജെ.ഡി തുടങ്ങിയ പാര്‍ട്ടികള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പുതുതലമുറ നേതാക്കളായ അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയവര്‍ക്കായിരിക്കും ഇനി പൂര്‍ണമായ നേതൃത്വമെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.

രാഹുലിന്റെ വരവ് ചലനമുണ്ടാക്കില്ല

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം കേരളത്തില്‍ പ്രത്യേകിച്ച്‌ ചലനങ്ങളുണ്ടാക്കില്ലെന്ന് എല്‍.ജെ.ഡി ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ. വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. ഞങ്ങളുടെ പാര്‍ട്ടിക്ക് കേരളത്തില്‍ ശക്തിയുള്ള കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി രംഗത്തിറങ്ങും. കണ്ണൂര്‍, വടകര, കോഴിക്കോട് മണ്‌ഡലങ്ങളില്‍ എല്‍.ഡ‌ി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാണ്. വര്‍ഗീസ് ജോര്‍ജ് ‘ഫ്ളാഷി’നോട് സംസാരിക്കുന്നു:

നിയമസഭാ സീറ്റ്  ഉറപ്പ് നല്‍കിയിട്ടില്ല

ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ജെ.ഡിക്ക് ഇടതുമുന്നണി ലോക് ‌സഭാ സീറ്ര് തന്നില്ല. എന്നാല്‍ നിയമസഭാ സീറ്രിനെക്കുറിച്ച്‌ ഉറപ്പ് കിട്ടിയതിന് ശേഷമല്ല തങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. എല്‍.ഡി.എഫില്‍ സി.പി.എമ്മും സി.പി.ഐയും മാത്രം മത്സരിക്കുന്നത് മുന്നണി തീരുമാനപ്രകാരമാണ്. മുന്നണി മര്യാദ അനുസരിച്ച്‌ പ്രവര്‍‌ത്തിക്കും. എന്നാല്‍ മുമ്ബിങ്ങനെ സംഭവിച്ചിട്ടില്ല. ലോക്സഭാ സീറ്ര് കിട്ടാത്തതില്‍ ആദ്യം പാര്‍ട്ടിക്ക് പ്രയാസമുണ്ടായിരുന്നു. എന്നാല്‍ എല്‍.ഡി.എഫിന് ഞങ്ങളുടെ ശക്തി അറിയാം. വടകരപോലുള്ള മണ്ഡലങ്ങളില്‍ അത് പ്രതിഫലിക്കും.

ലയന സാദ്ധ്യത

കേരളത്തില്‍ ഒരേ മുന്നണിയിലുള്ള രണ്ടു ജനതാദളുകള്‍ പ്രത്യേകമായി നില്‍ക്കുന്നതിന് പകരം ഒന്നാകുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ നടക്കുന്നുണ്ട്. ജനതാദള്‍ എസും ഇതിനനുകൂലമാണെന്ന് കരുതുന്നു. തങ്ങളുടെ പാര്‍ട്ടിയെ ശക്തിപ്പെടുത്തിയ ശേഷം ഇക്കാര്യത്തെക്കുറിച്ച്‌ ചിന്തിക്കാമെന്ന് കരുതി.

ശബരിമല നിര്‍ണായകമാവില്ല

ശബരിമല പ്രശ്നത്തിന്റെ പേരില്‍ ഇടതുപക്ഷത്തിന് കുറച്ച്‌ വോട്ട് നഷ്ടപ്പെടുമെങ്കിലും അതിനേക്കാള്‍ പിന്നാക്ക – പട്ടിക ജാതി വോട്ടുകള്‍ കൂടുതലായി ലഭിക്കും. പത്തനംതിട്ട മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണാജോ‌ര്‍ജ്ജിന്റെ വിജയം സുനിശ്ചിതമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*


nineteen − 4 =